Ameer Updates State News

പി മുജീബ് റഹ്‌മാന്‍ ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍

P Mujeeburahman

ഡല്‍ഹി: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഹല്‍ഖയുടെ പുതിയ അമീറായി പി മുജീബ് റഹ്‌മാനെ നിയമിച്ചു. ഡല്‍ഹിയില്‍ വെച്ച് നടന്ന ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറ യോഗത്തിനു ശേഷം അഖിലേന്ത്യ പ്രസിഡന്റ് സയ്യിദ് സആദതുല്ല ഹുസൈനി ആണ് പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സംസ്ഥാന അമീറുമാരെയും അഖിലേന്ത്യ അധ്യക്ഷന്‍ ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പണ്ഡിതനും സംഘാടകനും പ്രഭാഷകനുമായ മുജീബ് റഹ്‌മാന്‍ 2015 മുതല്‍ ജമാഅത്തെ ഇസ്ലാമി കേരളയുടെ അസിസ്റ്റന്റ് അമീറായിരുന്നു. 2011 മുതല്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര പ്രതിനിധി സഭയിലും, സംസ്ഥാന കൂടിയാലോചന സമിതിയിലും അംഗമാണ്.

മീഡയ വണ്‍ വൈസ് ചെയര്‍മാന്‍, വണ്ടൂര്‍ വനിത ഇസ്ലാമിയ കോളേജ് മുഖ്യ രക്ഷാധികാരി, ധര്‍മ ധാര ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മൗണ്ട് സീന ചാരിറ്റബിള്‍ ട്രസ്റ്റ്, ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് എന്നിവയില്‍ അംഗമായും പ്രവര്‍ത്തിക്കുന്നു.

2007 മുതല്‍ 2011 വരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി കേരള ജനറല്‍ സെക്രട്ടറി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി, എസ്.ഐ.ഒ സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ നാസിം, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കിനാലൂര്‍ സമരം, എന്റോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, കൊക്കക്കോള കമ്പനിക്കെതിരായ പ്ലാച്ചിമട സമരം, ദേശീയപാത പ്രക്ഷോഭം, മൂലമ്പിള്ളി സമരം, കുത്തകവിരുദ്ധ സമരം തുടങ്ങി ഒട്ടേറെ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയമായി. ആദിവാസികളുടെ ഭൂമിക്കു വേണ്ടിയുള്ള ഐതിഹാസികമായ ചെങ്ങറ സമരത്തിനിടെ പൊലിസിന്റെ മര്‍ദനത്തിനിരയായിരുന്നു.

1972 മാര്‍ച്ച് 5ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത അമരമ്പലം പഞ്ചായത്തിലെ തൊണ്ടിയിലാണ് ജനനം. നിലമ്പൂര്‍ മാനവേദന്‍ ഹൈസ്‌കൂളില്‍ നിന്നും സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കിയ ശേഷം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ കോളേജില്‍ ബിരുദ പഠനത്തോടൊപ്പം ഇസ്‌ലാമിക വിഷയങ്ങളിലും അവഗാഹം നേടി. തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബി.എഡ് പൂര്‍ത്തിയാക്കി. പറപ്പൂര്‍ ഇസ്ലാമിയ കോളേജില്‍ അധ്യപകനായി സേവനമനുഷ്ഠിച്ചിരുന്നു. പിതാവ്: പി മുഹമ്മദ്, മാതാവ്: ഫാത്തിമ സുഹ്റ. ജസീലയാണ് ഭാര്യ. അമല്‍ റഹ്‌മാന്‍, അമാന വര്‍ദ, അശ്ഫാഖ് അഹ്‌മദ്, അമീന അഫ്റിന്‍ എന്നിവര്‍ മക്കളാണ്.