ഏക സിവിൽകോഡ് നിയമം: സാംസ്കാരിക ഫാഷിസത്തിന്റെ രാഷ്ട്രീയ നീക്കം – എം.ഐ. അബ്ദുൽ അസീസ്
കോഴിക്കോട്: ഏകസിവിൽകോഡ് നിയമം നിർമിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം സാംസ്കാരിക ഫാഷിസം അടിച്ചേൽപിക്കാനുള്ള രാഷ്ട്രീയ ശ്രമമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. നിരവധി മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന രാജ്യത്ത് വിവിധ ജന വിഭാഗങ്ങൾ വ്യത്യസ്ത സിവിൽകോഡുകളാണ് പിന്തുടരുന്നത്. വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങൾ വ്യത്യസ്ത ഗോത്ര നിയമങ്ങൾ ഒക്കെ വ്യത്യസ്തമാണ്. ഇതെല്ലാം ഏകോപിപ്പിച്ച് ഒന്നാക്കുക എന്നത് ഭരണഘടന നൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും രാജ്യത്തെ വൈവിധ്യങ്ങൾക്കും എതിരാണ്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഏക സിവിൽകോഡ് നടപ്പാക്കുക എന്നതിനർഥം ആർ.എസ്.എസ് വിഭാവന ചെയ്യുന്ന സവർണ ഹിന്ദുത്വയുടെ കോഡ് നടപ്പാക്കുക എന്നാണ്. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, യു.പി അടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നു. ഭരണഘടന വ്യക്തികൾക്ക് വകവെച്ചു നൽകുന്ന മൗലികാവകാശങ്ങളിൽ പെട്ടതാണ് മതം ആചരിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുളള പൗരൻമാരുടെ സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യുകയാണ് ഏക സിവിൽ കോഡ് നിയമം. രാജ്യത്ത് അതാത് കാലങ്ങളിൽ രൂപപ്പെട്ടുവരുന്ന വ്യക്തിനിയമങ്ങളും യൂണിഫോം കോഡുകളും മതങ്ങൾക്കും വ്യക്തികൾക്കും വകവെച്ചു നൽകുന്ന മൗലികാവകാശങ്ങളെ തള്ളി കളയുന്നതാകരുത്. മറിച്ച് വ്യക്തികളുടെ മൗലികാവകാശത്തിന് വിധേയമായി വ്യക്തിനിയമവും യൂണിഫോം കോഡുമെല്ലാം നിർണയിക്കണം. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെയും ബഹുസ്വരതയെയും തകർത്ത് ഏക സിവിൽ കോഡ് നിയമം അടിച്ചേൽപിക്കാനുള്ള സംഘ്പരിവാർ രാഷ്ട്രീയ നീക്കത്തിനെതിരെ ജനാധിപത്യ സമൂഹവും മതേതര സമൂഹവും രംഗത്തു വരണമെന്നും അമീർ ആവശ്യപ്പെട്ടു.