പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ രാജ്യത്തുടനീളം ഒരേസമയം നടത്തിയ റെയ്ഡുകള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ജമാഅത്തെ ഇസ്‍ലാമി

ന്യൂഡല്‍ഹി: പോപുലര്‍ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും രാജ്യവ്യാപകമായി വിവിധയിടങ്ങളിലെ ഓഫിസുകള്‍ റെയ്ഡ് നടത്തുകയും ചെയ്ത എന്‍.ഐ.എ, ഇ.ഡി നടപടികളെ ജമാഅത്തെ ഇസ്‍ലാമി ദേശീയ അധ്യക്ഷന്‍ സയ്യിദ് സാദത്തുല്ലാഹ് ഹുസൈനി അപലപിച്ചു. പോപുലര്‍ഫ്രണ്ട് ഓഫീസുകള്‍ റെയ്ഡ് നടത്തുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത നടപടിയില്‍ ജമാഅത്തെ ഇസ്‌ലാമി ആശങ്ക രേഖപ്പെടുത്തുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. വ്യക്തമായ തെളിവുകള്‍ കൈയ്യിലുണ്ടെങ്കില്‍ എൻ.ഐ.എ പോലുള്ള കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം നടത്താം. പക്ഷേ അത്തരം നടപടികള്‍ പക്ഷപാതരഹിതവും രാഷ്ട്രീയ പ്രേരണയില്ലാതെയുമാകണമെന്ന് ജമാഅത്തെ ഇസ്‍ലാമി ആവശ്യപ്പെട്ടു.

എൻ.ഐ.എയും ഇ.ഡിയും റെയ്ഡുകളിൽ കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ രാജ്യത്തുടനീളം ഒരേസമയം നടത്തിയ റെയ്ഡുകള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും ജമാഅത്തെ ഇസ്‍ലാമി പ്രസ്താവനയില്‍ പറഞ്ഞു. എൻ.ഐ.എ, ഇ.ഡി, സി.ബി.ഐ, പൊലീസ് തുടങ്ങിയ വിവിധ സംസ്ഥാന ഏജൻസികൾ മുഖേന കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതിപക്ഷ ഗ്രൂപ്പുകൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര സർക്കാർ ഏജൻസികൾ നടത്തിയ നിരവധി നടപടികളുടെ പശ്ചാത്തലത്തിൽ ഇന്ന് നടത്തിയ ഓപ്പറേഷൻ സംശയാസ്പദമാണ്. അധികാരത്തിലിരിക്കുന്നവരെ വിമർശിക്കാനും വിലയിരുത്താനുമുള്ള പൗരന്മാരുടെ അവകാശങ്ങളെ അപകടത്തിലാക്കുന്നതാണിത്. വിദ്വേഷപ്രചാരണത്തിലും അക്രമത്തിലും പരസ്യമായി ഇടപെടുന്ന മറ്റു ഗ്രൂപ്പുകൾക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതും ഇന്നത്തെ റെയ്ഡിനെ സംശയത്തില്‍ നിര്‍ത്തുന്നതായി ജമാഅത്തെ ഇസ്‍ലാമി വ്യക്തമാക്കി.

പ്രതിപക്ഷത്തോടായാലും ന്യൂനപക്ഷങ്ങളോടായാലും സമൂഹത്തിലെ മറ്റേതെങ്കിലും സാമൂഹിക വിഭാഗത്തിൽപ്പെട്ടവരോടാണെങ്കിലും അന്യായമായ രീതിയിൽ നടത്തുന്ന ഇത്തരം റെയ്ഡുകളെയും പ്രവർത്തനങ്ങളെയും അപലപിക്കുന്നതായി ജമാഅത്തെ ഇസ്‍ലാമി അറിയിച്ചു .

English