State News

വനിതാ സംവരണ ബിൽ: ഒ.ബി.സി, മുസ്‌ലിം ഉപസംവരണം കൂടി നടപ്പിലാക്കണം- ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

ലോക്സഭ പാസാക്കിയ നിർദ്ദിഷ്ട വനിതാ സംവരണ ബിൽ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും എന്നാൽ അതിൽ ഒ.ബി.സി വിഭാഗങ്ങൾ, മുസ്‌ലിംകൾ എന്നിവർക്ക് ഉപസംവരണം ഏർപ്പെടുത്തണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റൻ്റ് അമീർ പ്രൊഫ സലിം എഞ്ചിനിയർ പ്രസ്താവനയിൽ പറഞ്ഞു.“അധികാരം പങ്കിടുന്നതിൽ എല്ലാ സമുദായങ്ങൾക്കും വിഭാഗങ്ങൾക്കും പ്രാതിനിധ്യം എന്നത് പ്രാധാന്യമേറെയുള്ളതാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം വളരെ പരിതാപകരമാണ്.
വനിതകളുടെ എണ്ണം ആനുപാതികമായി ഉയർത്തേണ്ടത് അനിവാര്യതയാണ്. വനിതാ സംവരണ ബിൽ ഈ ദിശയിലുള്ള ഒരു നല്ല നീക്കമാണ്. ഇത് വളരെ നേരത്തെ വരേണ്ടതായിരുന്നു. എങ്കിലും നിലവിൽ അവതരിപ്പിച്ച ബിൽ ഇന്ത്യയിലെ സാമൂഹിക അസമത്വങ്ങളെ അഭിസംബോധന ചെയ്യുന്നതല്ല. നിയമനിർമാണത്തിൽ എസ്‌.സി, എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ഒ.ബി.സിയിൽ നിന്നും മുസ്‌ലിം സമുദായത്തിൽ നിന്നുമുള്ളവർക്ക് ഉപസംവരണമില്ലാത്തതിനാൽ അത്തരം ജനവിഭാഗങ്ങളിൽ നിന്ന് വനിതകൾക്കുള്ള പ്രാതിനിധ്യം ലഭ്യമാകില്ല.
ജസ്റ്റിസ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് (2006), പോസ്റ്റ്-സച്ചാർ ഇവാലുവേഷൻ കമ്മിറ്റി റിപ്പോർട്ട് (2014), വൈവിധ്യ സൂചികയെക്കുറിച്ചുള്ള വിദഗ്ധ ഗ്രൂപ്പിന്റെ റിപ്പോർട്ട് (2008), എക്സ്ക്യൂസിവ് ഇന്ത്യ റിപ്പോർട്ട് (2013-14), 2011 സെൻസസ്, ഏറ്റവും പുതിയ എൻ.എസ്.എസ്.ഒ റിപ്പോർട്ട് തുടങ്ങിയ വിവിധ റിപ്പോർട്ടുകളും പഠനങ്ങളും എല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യൻ മുസ്‌ലിംകൾ പ്രത്യേകിച്ച് സ്ത്രീകൾ സാമൂഹിക-സാമ്പത്തിക സൂചികകളിൽ വളരെ പിന്നിലാണ് എന്നാണ്. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രാതിനിധ്യം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. ഇത് ജനസംഖ്യയുടെ അനുപാതത്തിന് അടുത്തുപോലും എത്തുന്നില്ല. അടുത്ത സെൻസസ് പ്രസിദ്ധീകരിക്കുന്നതിനും തുടർന്നുള്ള ഡീലിമിറ്റേഷൻ നടപടികൾക്കും ശേഷം മാത്രമേ നിർദിഷ്ട സംവരണം പ്രാബല്യത്തിൽ വരൂ എന്നതിനാൽ 2030-ന് ശേഷം മാത്രമേ ബില്ലിന്റെ ഗുണഫലങ്ങൾ ലഭിക്കൂ. അതിനാൽ, ഈ ബില്ല് അവതരിപ്പിച്ചത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അജണ്ടയായി മാത്രമാണെന്നും അത്മാർഥതയോടെയല്ലെന്നുമാണ് വിലയിരുത്താനാകുക. അസമത്വം നീക്കം ചെയ്യാനുള്ള അനേകം വഴികളിൽ ഒന്ന് സംവരണമാണ്. വനിതാ സംവരണ ബില്ലിൽ ഒ.ബി.സി, മുസ്‌ലിം സ്ത്രീകളെ അവഗണിക്കുന്നത് അന്യായമാണെന്നും “സബ് കാ സാത്ത്, സബ് കാ വികാസ്” എന്ന നയത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.