ഇസ്രായേൽ എന്ന കുടിയേറ്റ കോളോണിയൽ ശക്തിക്കെതിരെ
പോരാടികൊണ്ടിരിക്കുന്ന ഫലസ്തീനിനെ കുറിച്ച് സംസാരിക്കാതെയുള്ള അപകോളനീകരണ ചിന്ത അസാധ്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്‌മാൻ. എസ്.ഐ.ഒ കേരളയും കാമ്പസ് അലൈവ് വെബ് മാഗസിനും ചേർന്ന് കോഴിക്കോട് ആസ്പിൻ കോർട്ട് യാഡിൽ വെച്ച് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന De Conquista – ഇന്റർനാഷണൽ അക്കാദമിക് കോൺഫെറൻസ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഐ ഒ ദേശീയ പ്രസിഡന്റ് റമീസ് ഇ.കെ മുഖ്യാതിഥിയായി സംസാരിച്ചു. അപകോളനീകരണ ആലോചനകൾ എന്ത് കൊണ്ട് പ്രസക്തമാവുന്നു എന്നതിന് ഗസ്സയാണ് ഉത്തരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപകോളനീകരണ ചിന്തയെ കേന്ദ്രീകരിച്ചു നടക്കുന്ന കോൺഫെറൻസിൽ മലബാറിന്റെ പോരാട്ടങ്ങൾ, ഫലസ്തീൻ പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകളെ കേന്ദ്രീകരിച്ച് ചർച്ചകൾ നടക്കും. കൊളോണിയൽ വിരുദ്ധ പ്രതിരോധങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമകളുടെ പ്രദർശനം, പാനൽ ഡിസ്കക്ഷൻ, ലക്ച്വർ സീരീസുകൾ, വർക്ഷോപ്പുകൾ, കലാപരിപാടികൾ തുടങ്ങി നാല് വേദികളിലായി അമ്പതിലധികം അതിഥികൾ പങ്കെടുക്കുന്ന കോൺഫെറൻസ് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അവസാനിക്കുക. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ അക്കാദമിക പണ്ഡിതർ പങ്കെടുക്കുന്ന പരിപാടിയിൽ രാജ്യത്തെ പ്രമുഖ സർവകലാശാലകളിലെ അക്കാദമിക വിദഗ്ദരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുക്കും.
എസ്. ഐ. ഒ കേരള സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ അധ്യക്ഷത വഹിച്ചു. കോൺഫെറൻസ് ജനറൽ കൺവീനർ അഡ്വ അബ്ദുൽ വാഹിദ് സ്വാഗതവും കൺവീനർ നിയാസ് വേളം നന്ദിയും പറഞ്ഞു.