Kannur

ന്യൂനപക്ഷ കമ്മീഷൻ: ആനുകൂല്യങ്ങൾ താഴെ തലത്തിൽ എത്താൻ സംവിധാനം വിപുലീകരിക്കണം- ജമാഅത്തെ ഇസ്‌ലാമി

കണ്ണൂർ:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തന മേഖല പ്രാദേശിക തലത്തിൽ വ്യാപിപ്പിച്ച് സർക്കാർ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജമാഅത്ത് നേതാക്കൾ കമ്മീഷൻ മുമ്പാകെ ഉന്നയിച്ചു. ലോക ന്യൂനപക്ഷ ദിനത്തിൽ കണ്ണൂരിൽ കമ്മീഷൻ നടത്തിയ സെമിനാറിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറൽ സെക്രട്ടറി മുഷ്താഖ് അഹമ്മദ്, പബ്ലിക് റിലേഷൻസ് സെക്രട്ടറി സി.കെ.എ. ജബ്ബാർ എന്നിവരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചത്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന ശേഷം നടന്ന പ്രവർത്തനങ്ങളിൽ കമ്മീഷൻ അഭിനന്ദനമർഹിക്കുന്നുണ്ടെന്ന് ഉദ്ഘാടന സെഷനിൽ സംസാരിച്ച മുഷ്താഖ് അഹമ്മദ് പറഞ്ഞു. പക്ഷെ, കമ്മീഷനിൽ നിക്ഷിപ്തമായ മുഴുവൻ അധികാരവും ഉപയോഗിക്കുന്ന തരത്തിൽ ഇനിയും ശാക്തീകരിക്കപ്പെടാനുണ്ട്. ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ച പല ആനുകൂല്യങ്ങളും യഥാവിധി ഉപയോഗപ്പെടുത്താനുള്ള അവസരം ഉണ്ടാവണം. മത ന്യൂനപക്ഷങ്ങളിൽ പ്രമുഖരായ മുസ്‌ലിം – ക്രൈസ്തവ വിഭാഗങ്ങൾ മഹല്ല് – ഇടവക തലത്തിൽ വ്യവസ്ഥാപിത സംവിധാനങ്ങളുള്ള സമുദായങ്ങളാണ്. ഈ സംവിധാനങ്ങളെ വിശ്വാസത്തിലെടുത്ത് കമ്മീഷന്റെ പ്രവർത്തന ഘടനയോട് അവ കോർത്തിണക്കണം. കോശി കമ്മീഷൻ പോലെയുള്ള ഇടക്കാല കമ്മിറ്റികളുടെ ശിപാർശകൾ നടപ്പിലാക്കുമ്പോൾ ഇതര സമുദായങ്ങളുടെ നിലവിലെ ആനുകൂല്യം അപഹരിക്കപ്പെടില്ല എന്ന് ഉറപ്പ് വരുത്തണം. ഒരു സമുദായത്തിന്റെ ആവശ്യം പരിഗണിക്കുമ്പോൾ മറ്റൊരു സമുദായത്തിന് അത് അസ്വസ്ഥതയില്ലാതെ നോക്കേണ്ടത് കമ്മീഷനാണ്. പുതിയ ആരാധനാലയങ്ങൾ തുടങ്ങുമ്പോഴുള്ള അനുവാദം നൽകുന്നത് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയ മന്ത്രിസഭാ തീരുമാനം കുറ്റമറ്റ നിലയിൽ വിജ്ഞാപനമാവാതെ കിടക്കുകയാണെന്നും മുഷ്താഖ് അഹമ്മദ് ചൂണ്ടികാട്ടി.
മദ്റസ്സ അധ്യാപകരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച് ഇതര സമുദായങ്ങളിൽ നിലനിൽക്കുന്ന അഭ്യൂഹം ദുരീകരിക്കാൻ കമ്മീഷൻ സ്ഥിതി വിവരങ്ങൾ പുറത്ത് വിടണമെന്ന് ഓപ്പൺ ഫോറത്തിൽ സംസാരിച്ച ജമാഅത്ത് ജില്ലാ പി.ആർ. സെക്രട്ടറി സി.കെ.എ. ജബ്ബാർ ആവശ്യപ്പെട്ടു. മദ്റസ്സ ക്ഷേമനിധിയിൽ പ്രതിമാസ വിഹിതം മാനേജ്മെന്റും അധ്യാപകരും അടക്കുന്നുണ്ട്. എന്നാൽ 30ഉം 40 ഉം വർഷം സർവീസിലിരുന്ന് വിഹിതം അടച്ചവർക്ക് പോലും നാമമാത്രമായ പെൻഷൻ വിവിധ തട്ടുകളായിട്ടാണ് നൽകുന്നത്. ഏറ്റവും ഉയർന്ന പെൻഷൻ 5219 രൂപ ലഭിക്കുന്നവർ വിരളമാണ്. മദ്റസ്സ ക്ഷേമനിധി ബോർഡിൽ അധ്യാപകരിൽ നിന്ന് ഇത് വരെ ലഭിച്ച അംശാദായം എത്രയാണെന്നും നൽകി വരുന്ന പെൻഷൻ എത്രത്തോളം കാര്യക്ഷമമാണെന്നും തുടങ്ങിയ വിവരങ്ങൾ കമ്മീഷൻ വാർഷിക റിപ്പോർട്ട് കണക്ക് അവതരിപ്പിക്കണം. പെൻഷൻ അർഹതാ പ്രായം സംബന്ധിച്ച പരാതികളിൻമേൽ കമ്മീഷൻ സർക്കാറിൽ നൽകിയ റിപ്പോർട്ട് നടപ്പിലാക്കാൻ സമർദ്ദം ചെലുത്തണം. ജാതി സെൻസസ് തുടങ്ങാനും സർക്കാറിൽ സമർദ്ദം ചെലുത്തണം.
കേരള നിയമസഭാ സ്പീക്കർ എ. എൻ ശംസീർ സെമിനാർ ഉദ്ഘാടനം ചെയ്തു.
കമ്മീഷൻ ചെയർമാൻ അഡ്വ എ. എ റശീദ് അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ എ. സൈഫുദ്ദീൻ, പി.റോസ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. മുസ്ലിം ക്രൈസ്തവ വിവിധ സംഘടനാ നേതാക്കൾ ഓപ്പൺ ഫോറത്തിൽ സംസാരിച്ചു.