State News

ഇസ്‍ലാം സ്ത്രീക്ക് നൽകുന്നത് അടിമത്തമല്ല, സംരക്ഷണമാണ്: പി. മുജീബുറഹ്മാൻ

ഇസ്‍ലാം സ്ത്രീക്ക് അടിമത്തമല്ല മറിച്ച് പരിപൂർണമായ സംരക്ഷണമാണ് നൽകുന്നതെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള ഹൽഖ അമീർ പി. മുജീബുറഹ്മാൻ. ഇസ്‍ലാമിക പ്രമാണങ്ങളും ചരിത്രവും ലിംഗ നീതിയെക്കുറിച്ചാണ് പറയുന്നത്. തട്ടമിട്ടവരെയും കറുത്ത വസ്ത്രം ധരിക്കുന്നവരെയും ഭീകരവാദികളും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുമായി ചിത്രീകരിക്കുന്നു. എന്നാൽ, അന്താരാഷ്ട സർവകലാശാലകളിൽ നിന്നടക്കം ഉന്നത വിദ്യാഭ്യാസം നേടുന്ന, രാജ്യത്തെ പ്രമുഖ കലാലയങ്ങളിൽ നിന്ന് പൗരത്വ പ്രക്ഷോഭമടക്കമുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മുസ്‍ലിം പെൺകുട്ടികളെല്ലാം തട്ടമിട്ട് കൊണ്ടുതന്നെയാണ് എല്ലാം സാധിച്ചെടുക്കുന്നത്. മത യാഥാസ്ഥിതികതക്കും പെണ്ണിനെ പൊന്ന് വെച്ച് വിലയിടുന്ന വിവാഹ സംസ്ക്കാരത്തിനുമെതിരെ എഴുന്നേറ്റ് നിൽക്കാനും പുതിയ തലമുറക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസമായി ജി.ഐ.ഒ കേരള പത്തിരിപ്പാല മൗണ്ട്സീന കാമ്പസിൽ സംഘടിപ്പിച്ച ‘ഡിസ്ക്കോഴ്സോ മുസ്‍ലിമ’ കാമ്പസ് കോൺഫറൻസിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര കൂടിയാലോചന സമിതിയംഗം ഡോ. ത്വാഹ മത്വീന്‍ വിശിഷ്ടാതിഥിയായി. വിശ്വാസത്തിന്റെ കരുത്തുമായി സ്വാതന്ത്ര പോരാട്ടം നടത്തുന്ന ഫലസ്തീനിലെ ജനത ഫാസിസ്റ്റ് ഇന്ത്യയിലെ അതിജീവന പോരാട്ടത്തിൽ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.പുതിയ കാലത്തെ സ്ത്രീയുടെ പുനർ വായനയെ കുറിച്ച് ജമാഅത്തെ ഇസ്‍ലാമി വനിതാ വിഭാഗം ശൂറ അംഗം റുക്സാന ഷംസീർ സംസാരിച്ചു.

ജി.ഐ.ഒ സംസ്ഥന ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് പാലക്കാട് ജില്ലാ പ്രസിഡന്റ് കളത്തിൽ ഫാറൂഖ്, ജമാഅത്ത് ഇസ്‍ലാമി വനിത വിഭാഗം ജില്ലാ സെക്രട്ടറി ഫസീല ടീച്ചർ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് നവാഫ് പത്തിരിപാല, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അനീസ് തിരുവിഴാംകുന്ന്, ഡിസ്കോർസോ മുസ്‍ലിമ ജനറൽ കൺവീനർ ഷിഫാന എടയൂർ, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഹനാൻ.പി.നസ്റിൻ എന്നിവർ സംസാരിച്ചു.

ജി.ഐ.ഒ സംസ്‌ഥാന വൈസ് പ്രസിഡന്റ്മാരായ ആഷിഖ,നഫീസ തനൂജ,സംസ്ഥാന സെക്രട്ടറിമാരായ ലുലു മർജാൻ,ആയിശ ഗഫൂർ ,സംസ്ഥാന സമിതി അംഗങ്ങളായ മുബശിറ, ,ജൽവ മെഹര്‍ ,നൗർ ഹമീദ്,ഷംന,സുന്തുസ്,ഷെഫ്ന ഒ.വി,ഹുസ്ന,അഫ്ര ശിഹാബ്,സഫലീൻ,നിഷാത്ത്, സഫീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.