State News

മലബാര്‍: ആവശ്യമായ ഹയര്‍സെക്കണ്ടറി സീറ്റുകള്‍ ഉറപ്പുവരുത്തണം

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി ഉന്നതപഠനത്തിന് അര്‍ഹത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനത്തിനാവശ്യമായ സൗകര്യമേര്‍പ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ പി മുജീബുറഹ്മാന്‍ സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാര്‍ഥികളും ഹയര്‍ സെക്കണ്ടറി പഠനമാണ് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ മലബാറിലെ മിക്ക ജില്ലകളിലും ഇതിനാവശ്യമായ ഹയര്‍ സെക്കണ്ടറി സീറ്റുകള്‍ ലഭ്യമല്ല. കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കണമെന്ന് വര്‍ഷങ്ങളായി ഉന്നയിക്കപ്പെടുന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഹയര്‍ സെക്കണ്ടറി പ്രവേശനം അസാധ്യമാകുന്നത് ഇത്തരം ജില്ലകളിലെ ഉന്നതപഠനമേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും കൂടുതല്‍ ബാച്ചുകളും അധ്യാപക തസ്തികകളും അനുവദിക്കണം. ഒരേ ബാച്ചില്‍ തന്നെ ക്രമാതീതമായി സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന നടപടി പരിഹാരമല്ല. അക്കാദമിക നിലവാരം താഴോട്ട് പോകാനെ അതുപകരിക്കൂ. ഇതര ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ ശാസ്ത്രീയമായി സംസ്ഥാനത്ത് വിന്യസിക്കണം. നിശ്ചിത ഭൂപ്രദേശത്തുള്ളവര്‍ക്ക് വിദ്യാഭ്യാസ അവസരങ്ങളുടെ നിഷേധിക്കപ്പെടുന്നത് സമൂഹത്തില്‍ അന്യതാബോധവും അതൃപ്തിയും വളരാന്‍ കാരണമാകുമെന്നും ന്യായമായ ആവശ്യങ്ങളോട് വകുപ്പ് മന്ത്രിയും സര്‍ക്കാറും നിഷേധാത്മകമായി പ്രതികരിക്കുന്നത് ഗുണകരമല്ലെന്നും ജമാഅത്ത് അമീര്‍ ചൂണ്ടിക്കാട്ടി.